കാലങ്ങൾക്ക് മുൻപ് മഹാദേവന്‍റെ വലത്തു തുടയിൽ കരസ്പർശമേറ്റിരുന്ന ഉണ്ണിഗണപതിയെ , ക്ഷേത്ര പുനരുദ്ധാരണ സമയത്ത് ശ്രീ കോവിലിന്‍റെ തെക്കു ഭാഗത്ത് മഹാദേവന്‍റെയും ദേവിയുടെയും സമീപത്തു തന്നെ പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുകയാണ് . മാതാപിതാക്കളുടെ വാത്സല്യം മതിയാവോളം നുകർന്നിരുന്നതുകൊണ്ട് തന്നെ ലേശം കുറുംബുള്ള ഉണ്ണിഗണപതിയാണ് അരങ്ങൽ മഹാദേവ ക്ഷേത്രത്തിൽ ഉള്ളത് . ക്ഷേത്രത്തിൽ എന്തു ചടങ്ങു നടന്നാലും, ദേശവാസികൾ ഏത് നല്ല കർമങ്ങൾ നടത്തിയാലും അരങ്ങൽ ഉണ്ണിഗണപതിയെ പൂജിക്കാതെ ഒന്നിലും ആരംഭം കുറിക്കുകയില്ല . തന്നെ ഓർമിച്ചുകൊണ്ട് നടത്തുന്ന ഒരു കാര്യത്തിലും വിഘ്നം വരുത്താതെ സംരക്ഷിക്കുവാൻ അരങ്ങൽ ഉണ്ണിഗണപതി സദാജാഗരൂകനാണ്. എല്ലാ ദിവസവും ഗണപതിഹോമം ഈ അമ്പലത്തിൽ നടന്നുവരുന്നു. അരങ്ങൽ മഹാദേവ ക്ഷേത്രത്തിലെ ഗണപതി ഹോമം വളരെ പ്രസിദ്ധമാണ്.
ശ്രീകോവിലിന്‍റെ തെക്ക്പടിഞ്ഞാറുഭാഗത്തായി ഹരിഹരസുതനായ ശ്രീ ധർമ്മ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. മഹാദേവന്‍റെയും മഹാവിഷ്ണുവിന്‍റെയും പുത്രനായ ശ്രീ അയ്യപ്പന്‍റെ സാന്നിദ്ധ്യം ഇവിടെയുള്ളതുകൊണ്ട് തന്നെ എല്ലാ ശനിയാഴ്‌ച്ചയും അന്യദേശങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വന്നു ‘നീരാഞ്ജനം ‘ എന്ന അർപ്പണപൂജ നടത്തുന്നുണ്ട്. ശനിദോഷമുള്ളവർ അരങ്ങൽ ശ്രീധർമ്മശാസ്താവിനു മുന്നിൽ നടത്തുന്ന നീരാഞ്ജനാർപ്പണം വളരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു .
മാതാപിതാക്കളായ ശ്രീപാർവതിപരമേശ്വരൻമാരുടെ തൊട്ടടുത്തായി ശ്രീകോവിലന് തെക്കുവശത്തായിട്ടാണ് ശ്രീ മുരുകന്‍റെ ആസ്ഥാനം. മുരുകപ്രീതിക്കുവേണ്ടി എല്ലാ മാസവും ഷഷ്ടിപൂജ , വര്‍ഷത്തില്‍ ഒരിക്കല്‍ സ്കന്ദഷഷ്ടി,തയിപൂയം എന്നിവയൊക്കെ വളരെ ഭക്തിപൂര്‍വ്വം അരങ്ങല്‍ ക്ഷേത്രത്തില്‍ നടക്കുന്നുണ്ട്. എല്ലാ വര്‍ഷവും വിഷുദിവസമുള്ള കാവടി ഈ നാടിന്‍റെ തന്നെ ഒരു മഹോത്സവമാണ്. സമീപദേശങ്ങളില്‍ നിന്നൊക്കെ നേര്‍ച്ചക്കാവടികള്‍ ആഘോഷപൂര്‍വ്വം വന്ന് മഹാദേവസന്നിധിയിലെത്തുന്നു. ഈ ദിവസം മുരുകന് വിവിധ ദ്രവ്യങ്ങള്‍ കൊണ്ട് അഭിഷേകം നടത്തുന്നു.
ചുറ്റമ്പലത്തിനു പുറത്തു വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് ഉണ്ണികണ്ണന്‍റെ ഇരിപ്പിടം. എല്ലാ ദിവസവും ത്രിക്കൈവെണ്ണ സമര്‍പ്പണം നടക്കുന്ന ക്ഷേത്രമാണ് അരങ്ങള്‍ ശ്രീ മഹാദേവക്ഷേത്രം. ഭാഗവതപാരായണം, ശ്രീകൃഷ്ണജയന്തി, വിശേഷാല്‍ പൂജ എന്നിവ ഉണ്ണികൃഷ്ണനു വേണ്ടിയുള്ള നേര്‍ച്ചകളാണ്. നാടിന്‍റെ നാനാഭാഗത്തുമുള്ള വിദ്യാര്‍ഥികള്‍ വന്ന് വിദ്യാരാജഗോപാലര്‍ച്ചന ഉണ്ണികണ്ണനു മുന്നില്‍ നടത്തുന്നുണ്ട്. എല്ലാ വിഷു നാളിലും പ്രത്യേക പൂജകള്‍ നടന്നു വരുന്നു.