പൊറ്റയില്‍ ശ്രീ ദേവീ ക്ഷേത്രം
അരങ്ങല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിനു വടക്കായി ഏകദേശം 1 km അകലെയാണു പൊറ്റയില്‍ ശ്രീ ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ധര്‍മ്മം രക്ഷിക്കാന്‍ മഹാദേവന്‍റെ തൃക്കണ്ണില്‍ നിന്നും ജനിച്ച ഭദ്രകാളിയാണ് ഇവിടെ കുടികൊള്ളുന്നത്. സഹോദരിയായ് ഭഗവതി ദേവിയും ഉപദേവന്മാരായി ഗണപതിയും, നാഗരാജാവും കുടികൊള്ളുന്നു. മഹാദേവന്‍റെ തൃക്കണ്ണില്‍ നിന്നും ജനിച്ചതുകൊണ്ടു പൊറ്റയില്‍ അമ്മയെ മഹാദേവന്‍റെ പ്രിയ പുത്രിയായി ആരാധിക്കുന്നു. കുംഭമാസത്തിലെ അശ്വതി നാളില്‍ ഉത്സവത്തിനു പുറത്തിറങ്ങുന്ന ശ്രീ ഭദ്ര മഹാദേവന്‍റെ തിരുനടയില്‍ വന്ന് അനുഗ്രഹം സ്വീകരിക്കുന്നതും ഉടവാള്‍ വാങ്ങുന്നതും ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ ഒന്നാണ്. ഇവിടെ വന്ന് ഉടവാള്‍ വാങ്ങിയതിനു ശേഷം മാത്രമേ ദേവി ഊരുചുറ്റിനായി പോകാറുള്ളൂ.
ഇരുവൈ ശ്രീ ഭഗവതി ക്ഷേത്രം
അരങ്ങല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിനു പടിഞ്ഞാറായി ഏകദേശം 1 km അകലെയാണു ഇരുവൈ ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭഗവതിയുടെ ഊരുചുറ്റ് മഹാദേവ സന്നിധിയില്‍ പൂജ നടത്തിയതിനു ശേഷം മാത്രമേ ആരംഭിക്കാറുള്ളു. അരങ്ങല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്‍റെ പ്രാചീനത ഉള്‍കൊള്ളുന്ന ഇരുവൈ ഭഗവതി മഹാദേവ ക്ഷേത്രത്തിനു അഭിമുഖമായാണ് വസിക്കുന്നത്. ഈ ഭൂപ്രദേശത്തോടുകൂടി വെണ്‍പകല്‍ ഗ്രാമത്തിന്‍റെ അതിര്‍ത്തി നിര്‍ണയിക്കപെടുന്നു എന്നതും ശ്രെധേയമാണ്.
തണ്ടളം ശ്രീ നാഗരാജ ക്ഷേത്രം
അരങ്ങല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിനു കിഴക്കായി ഏകദേശം 4 km അകലെയാണു തണ്ടളം ശ്രീ നാഗരാജ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധനുതിരുവാതിര ഉത്സവത്തിലെ പ്രധാനചടങ്ങായ തിരുആറാട്ട് ഈ ക്ഷേത്ര കടവിലാണ് നടക്കുന്നത്. മഹാദേവന്‍റെ തിരുവാഭരണമാണ് ശ്രീ നാഗദേവന്‍. ആ നാഗദേവനെ നേരിട്ട്കണ്ട ദേശവാസികള്‍ ഇവിടെ നാഗര്‍ ക്ഷേത്രം സ്ഥാപിച്ചു ആരാധിക്കുന്നു.നാഗദേവന്‍റെ ദേശപ്രദക്ഷിണത്തില്‍ മഹാദേവ സന്നിധിയില്‍ വന്ന് അനുഗ്രഹം സ്വീകരിക്കുന്ന ചടങ്ങ് ഇന്നാട്ടിലെ ഒരു ആഘോഷമാണ്.